Hospital 0481 2592001  
Casualty 2592475

പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു ചരിത്ര നേട്ടം !

കോട്ടയം: പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു ചരിത്ര നേട്ടം. മസ്‌തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട്ടുകാരനായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ ഹരി വിഷ്‌ണു (26)വിലാണു മാറ്റിവച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ ഏഴിനു അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടന്നത്.

കന്യാകുമാരി സ്വദേശിയും ഡ്രൈവറുമായ രാജയ്ക്ക് തലയ്ക്കുള്ളിലെ രക്തസ്രാവത്തെത്തുടർന്നാണു തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്‌തിഷ്‌ക മരണത്തിലേക്കു നീങ്ങി. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കൾ അവയവദാനത്തിനു തയ്യാറാകുകയായിരുന്നു.

ഹൃദയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഹരിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രോഗികൾക്കും ഒരു കിഡ്‌നി തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലെ രോഗിയ്ക്കും കണ്ണു തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്‌താൽമോളജിക്കുമാണു കൈമാറിയത്.

രാജയുടെ ഭാര്യ എല്ലിസുമിത നാഗർകോവിൽ കോടതിയിലെ താൽക്കാലിക ജീവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണുള്ളത്.

ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രിയിൽ ആഭ്യന്തര വകുപ്പിൻ്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കിയാണു ഹൃദയം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്.

കാർഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലാതിരുന്ന യുവാവിലാണു ഹൃദയം മാറ്റിവച്ചത്. അതിരാവിലെ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പത്തോടെ പൂർത്തിയായി. അവയവം ദാനം നൽകിയ രാജയുടെ ബന്ധുക്കളെ മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. ശസ്ത്രക്രിയയ്ക്കു നേതൃത്യം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

Government Medical College

Kerala Pin-686008
Copy Right © 2007 Govt. Medical College Kottayam
Last Updated on 12-06-2023
Developed by Browsetechnologies